കൽപ്പറ്റ (വയനാട്): താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉൾപ്പെടെ വയനാട് ജില്ലയിലെ വിവിധ യാത്രാപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്.താമരശ്ശേരി ചുരം റോഡിലെ യാത്രാതടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുക, നിലച്ചുപോയ ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക, കർണാടക അതിർത്തി വനപാതയിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കുക, കബനി നദിക്കുകുറുകെയുള്ള ബൈരക്കുപ്പ പാലം നിർമ്മാണം വേഗത്തിലാക്കുക, നിർദ്ദിഷ്ട വയനാട് എയർപോർട്ട് പദ്ധതിക്ക് അനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
വിഷയത്തിൽ അനുഭാവപൂർവ്വമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പ്രതിനിധികൾ അറിയിച്ചു. വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതിനും ബൈരക്കുപ്പ പാലം നിർമ്മാണം വേഗത്തിലാക്കുന്നതിനുമുള്ള ചർച്ചകൾ കർണാടക സർക്കാരുമായി ചേർന്ന് മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ഇക്കാര്യത്തിൽ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർക്ക് അടിയന്തര നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Alternative route: The Traders and Industrialists Coordination Committee submitted a memorandum to Chief Minister V.D. Satheesan demanding an immediate solution to Wayanad's travel woes.





















